Tuesday, March 19, 2013

മുറിവ് - കവിത

"അതെ, അവര്‍ എനിക്കപരിചിതരായിരുന്നു. കൂട്ടത്തില്‍ നടന്നു. എന്നെ മുമ്പേ നടത്തി. അവര്‍ തോള്‍ ചേര്‍ത്ത് പിടിച്ചു നടന്നു. ആ മുഖങ്ങളിലെ ചിരികള്‍ ഞാന്‍ ആസ്വദിച്ചു. കൂടെ കൂടെ പറഞ്ഞു 'നമ്മള്‍ ഒന്നല്ലേ-ന്ന്' ചിരിച്ച്, ആര്‍ത്തു വിളിച്ചു, പറഞ്ഞു. ഒന്ന് വാടാ-ന്ന്. ചേര്‍ത്ത് പിടിച്ച രണ്ടു കരങ്ങളില്‍ കത്തിയുണ്ടായിരുന്നു. ഒരാശയം പറഞ്ഞു തമ്മില്‍ തല്ലുന്ന 'പരിചിതര്‍' തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നത് ശരിയാണ് ? അല്ല. അത് ചിലരുടെ ഉറക്കം കെടുത്തും. ആ കത്തിമുനകള്‍ ആരുടെ ജീവന്‍ കവരാനാണ് വെമ്പല്‍ കൊള്ളുന്നത്? അയ്യോ' അരുത് എന്ന് മാത്രം നിലവിളിച്ചത് നാല് പേര്‍ കേട്ടു. പിന്നെ അവര്‍ വീണ്ടും അപരിചിതരായി. കത്തി തുളഞ്ഞു കയറിയത് എന്നിലേക്കും. അപ്പോഴും സ്വമനസ്സ് എന്നോട് തന്നെമന്ത്രിച്ചു. 'സത്യം ഒരു നാള്‍ ജയിക്കും. നീ വിരല്‍ ചൂണ്ടിയ തെറ്റുകള്‍ ജനമറിയും അന്ന് നിന്നിലെ സത്യം പുറത്തു വരും'

അര-യുക്തിവാദിയുടെ കഥ.

കഥാനായകന്‍ ഒരു യുക്തിവാദിയാണ്. അതിന്റെ സംഘടനയുടെ എതോ വലിയ ആളാണ്‌. ബുജി ടൈപ്പ് ആണ് കക്ഷി. എന്നും യുക്തിയിലൂന്നി സംസാരിക്കും, പ്രചരിപ്പിക്കും . അമ്പലത്തില്‍ പോയാലും എല്ലാരോടും പുച്ഛമാണ്. സഹകരണ ബാങ്കില്‍ ദൈവാധീനം കൊണ്ട് ഒരു ജോലി ഉണ്ട്. അത് കൊണ്ട് ജീവിച്ചു പോകുന്നു. ഇക്കഴിഞ്ഞ ശബരിമല 'സീസണില്‍' പുള്ളി 'മാല'-യിട്ടു. ചെരുപ്പ് ദൂരെ കളഞ്ഞ്, ഭസ്മം ഒക്കെ പൂശി, അങ്ങനെ അങ്ങനെ..!!!..അയ്യോ..ഇങ്ങേര്‍ക്ക് എന്ത് പറ്റി-ന്ന് ചോദിച്ചവരോട് പുള്ളി 'അതേയ് ഇതിന്റെ കറക്റ്റ്‌ അനുഭവം/സുഖം എന്താണ് എന്നറിയാന്‍ വേണ്ടി ചെയ്തതതാ..യുക്തിവാദം തുടരും'.. കക്ഷി യുക്തിവാദം തുടര്‍ന്നു. ഉച്ച കഴിഞ്ഞു വായനശാലയിലാണ് ക്ലാസ്സ്‌. വിഷയം ഇതാണ് ' വിധിയും സമയദോഷവും - സ്ത്രീകളെ എങ്ങനെ ബോധാവന്മാരാക്കാം'. ക്ലാസ്സ്‌ ഗംഭീരം. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു. മുഖത്തെ ചിരിയുമായി സുകുവേട്ടന്റെ കടയില്‍ നിന്ന് കുട്ടിക്ക്‌ ഒരു ഗാലക്സി ഐസ്ക്രീം വാങ്ങി വീട്ടിലേക്ക്‌. അപ്പോഴേക്കും ഭാര്യ ചൂലെടുത്ത് മുറി വൃത്തിയാക്കുന്നു. 'ഡീ..സന്ധ്യാസമയത്താണോ നിന്റെ ഒടുക്കത്തെ അടിച്ചു വാരല്‍..!!! (ടപ്പേ..ടപ്പേ നാലിടി..മൂന്നു തോഴി..). നീണ്ടു മെലിഞ്ഞ ആ സ്ത്രീയെ നാല് പൂശിയപ്പോള്‍ സമാധാനമായി. അവസാനം ബെഡില്‍ വിശ്രമിക്കുമ്പോള്‍ അവര്‍ കൊടുത്ത കാപ്പി കുടിച്ചു. അടി കൊടുത്ത വകയിലെക്ക് ഒരു സോറി യും പറഞ്ഞു. ഇരിക്കട്ടെ..:) അടുത്ത ദിവസം രാവിലെ കണി കാണുന്നതും ചൂലും കണ്ട്. 'അശ്രീകരം..' യുക്തിമാമന്‍ അലറി..@(#@(*#. അതിലെ രാവിലെ എഴുന്നേറ്റു അവരുണ്ടാക്കി കൊടുത്ത ഭക്ഷണവും പാല്‍ പൊലെ തിളങ്ങുന്ന വെള്ളകുപ്പായവും ഇട്ട് കക്ഷി മുറ്റത്തിറങ്ങിയപ്പോള്‍ ഒറ്റ മൈന...ശിവനേ..എന്റെ ദിവസം പോക്കായി.' ഇന്നും കൃത്യ സമയത്ത് ആപ്പീസില്‍ എത്തി. കണ്ടമാനം ഫയലുകള്‍ മുന്നില്‍. കൂടെ ഒരു കത്തും. കൊടുത്ത പണി ഇത് വരെ തീര്‍ക്കാത്തതിനു ബാങ്ക് മാനേജര്‍-ടെ വക സസ്പെന്‍ഷന്‍ ലെറ്റര്‍. തിരിച്ചു വീട്ടിലേക്ക്‌. അത് വരെ വിഷാദം. വീടിന്റെ അകത്തു വന്നു. ഭാര്യയെ കണ്ടു. "നീ ഒറ്റ ഒരുത്തി കാരണം എന്റെ പണി പോയി..ജീവിതം പോയി. നിന്നോടാരാ രാവിലെ തന്നെ ചൂലും പിടിച്ചു നില്‍ക്കാന്‍ പറഞ്ഞെ ??. കുറെ നല്ല ഭാഷാ പ്രയോഗം. അതില്‍ സകല ബിരുദം ലഭിച്ച പൂഞ്ഞാര്‍ വിപ്പ്‌ വരെ തോറ്റു പോകും. ടാഗ് : 1. കല്യാണം കഴിക്കുമ്പോള്‍ അമൃതയെപ്പോലെ തണ്ടും തടിയുമുള്ള പിള്ളേരെ ഒഴിവാക്കണം. 2.പ്രവര്‍ത്തി വേറെ പ്രസംഗം വേറെ. ആ പരിപാടി നിര്‍ത്തണം.

Wednesday, January 19, 2011

'കുഞ്ഞൂഞ്ഞ് എന്ന ജോക്കര്‍ '



കേരള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും തമാശ കാണിക്കുന്നതാര് എന്ന് ചോദിച്ചാല്‍ ഒരു ശരാശരി മലയാളി എന്ത് പറയും ??

ടി കെ ഹംസയെന്നോ..ആര്യാടെനെന്നോ മറ്റോ അല്ലെ ? അതെ, അത് തന്നെ. അങ്ങിനെ പ്രസംഗങ്ങളില്‍ നര്‍മം ചാലിച്ചു സാധാരണ ജനത്തിന്റെ ആഴത്തിലിറങ്ങി കാര്യങ്ങള്‍ അവതരിപ്പിക്കുകയാണിവര്‍ ചെയ്യുന്നത്. വേദിയില്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ മുതല്‍ യോഗം കഴിഞ്ഞു പോകും വരെ നമ്മുടെ കവിളുകളില്‍ പുഞ്ചിരി തങ്ങി നില്‍ക്കും. അത്ര ഉഷാറുണ്ട് ഈ കക്ഷികള്‍.

പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ 'വളരെ ഗൗരവത്തില്‍' കാര്യങ്ങള്‍ അവതരിപ്പിച്ചു കയ്യടി വാങ്ങുന്ന ഒരു പ്രമുഖനുണ്ട്. നമ്മുടെ പ്രതിപക്ഷ നേതാവ്. സാക്ഷാല്‍ ശ്രീമാന്‍ കുഞ്ഞൂഞ്ഞ്. കൂടെ നില്‍ക്കുന്നവര്‍ തന്നെ കയ്യടിക്കും. സന്തോഷത്തോടെ ചിരിക്കും. ആ ചിരിയുടെ അര്‍ഥം മനസ്സിലാകാതെ കുഞ്ഞൂഞ്ഞ് പിന്നെയും കസറും. ഒരു വര്‍ഷത്തെ മൂപ്പരുടെ പ്രസ്താവന നോക്കിയാല്‍ 'മണ്ടൂസ്' പടം പിടിക്കാന്‍ നടക്കുന്ന സംവിധായകന് സ്വന്തം കഥയില്‍ തന്നെ കാര്യം നടത്താം. കാസറഗോഡ് ഉപ്പളയില്‍ 'ജനസമുദ്രത്തില്‍' നിന്ന് ചെന്നിത്തല ആശാന്‍ വീശി കൊടുത്ത പതാക നെഞ്ചത്ത് വെച്ച് തുടങ്ങിയ യാത്ര. അന്ന് തുടങ്ങിയ വീശലാണ്. "തിരുവന്തപുരം എത്തുമ്പോള്‍...ഇവിടെ ഒരു മാറ്റം നിങ്ങള്ക്ക് കാണാം" എന്നാണ് ചെന്നിത്തല അനുഗ്രഹിച്ചത്. അത് കപ്പല് മുങ്ങിയ കഥ പോലെയായിത്തീരുമെന്നു ചെന്നി നായകന്‍ പോലും വിചാരിച്ചു കാണില്ല. ഉരുണ്ടുരുണ്ട്‌ പാതി വഴിയിലെത്തി. ദിവസവും പത്രസമ്മേളനം നടത്തും. പറയാന്‍ ഒരു വിഷയവുമില്ല. ഉള്ളത് വെച്ച് അങ്ങോട്ട്‌ കാച്ചും. ഭാഗ്യത്തിന് ശബരിമലയില്‍ പോവുന്ന അണ്ണന്മാര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. കേരളീയര്‍ ദുരന്തം കണ്ടു അന്തം വിട്ടു നിന്നു. ഇന്ത്യ തന്നെ വിറങ്ങലിച്ചു. മൂപ്പനുണ്ടോ കുലുങ്ങുന്നു. ഇതും സര്‍ക്കാരിന്റെ അലംഭാവം എന്ന് കാച്ചി. ജാഥ-യ്ക്ക് നാല് ദിവസം വിശ്രമം.

ഇതിനിടയില്‍ ഒരു സാഹിത്യ ശില്പശാല വെച്ചു. അബ്ദുള്ള കുട്ടിയുടെ ബുദ്ധിയാണ്. പണ്ട് സി പി എമ്മില്‍ നില്‍ക്കുമ്പോ 'ജയരാജേട്ടന്‍' പഠിപ്പിച്ചു കൊടുത്തതത്രേ. സകല ഗജ കേസരിമാരും അണി നിരന്നു. വീരനാണ് മുന്തിയവന്‍. ശില്പ ശാല കൊഴുത്തു. 'മാര്‍ക്സിസ്റ്റ്‌-കാരെ ഞങ്ങള്‍ക്കും നടത്താന്‍ പറ്റും' എന്ന ഭാവത്തില്‍ ഉമ്മന്‍ എഴുന്നേറ്റു സാഹിത്യം കലര്‍ത്തി രണ്ടു വീശു വീശി. ഇതിനടയില്‍ 'പാറക്കടവ്', വലതു സഹയാത്രികന്‍ എന്ന മുദ്രണം അഭിമാനമായി കൊണ്ട് നടക്കുന്ന പുള്ളിയാണ്. മൂപ്പര് ഉമ്മനെ നോക്കെ കാച്ചി. "വായന കൂടിയാല്‍ വിവരം കൂടും. കൂടുതല്‍ വായിക്കുന്നവര്‍ കൂടുതല്‍ എഴുതും. ഇങ്ങനെ എഴുതുന്നവര്‍ ഇപ്പോള്‍ എല്ലാം ഇടതു പക്ഷത്താണ്. അത് കൊണ്ട് കോണ്‍ഗ്രെസ്സുകാര്‍ക്ക് വായന ശീലം കൂടിയേ തീരൂ...". സംഭവം ആത്മാര്‍ഥമായി പറഞ്ഞെതെങ്കിലും ഉമ്മനെ നോക്കി പറഞ്ഞതിനാല്‍ ആ മുഖത്ത് എല്ലാ രസവും വിരിഞ്ഞു എന്നാണ് കോണ്‍ഗ്രസ്‌ സുഹൃത്തുക്കള്‍ പറഞ്ഞത്. ഒരു നിയമ ബിരുദ ധാരി അനിഭവിക്കുന്ന കഷ്ടങ്ങള്‍.

അങ്ങിനെ ജാഥ തള്ളി നീക്കുമ്പോള്‍ റോഡില്‍ മൊത്തം ഐസ് ക്രീമാണ്. അതാണ്‌ ഏറ്റവും വലിയ തമാശ. ഒന്നാമത്തെ കുഞ്ഞാലി സാഹിബിന്റെ പത്ര സമ്മേളനം കഴിഞ്ഞു. ചില സമയത്ത് കണ്ണുകള്‍ അടഞ്ഞു പോവുന്നതിനാല്‍ എല്ലാ ഭാഗവും കണ്ടില്ല. ''ഞാന്‍ എല്ലാ വേണ്ടാതീനവും ചെയ്തു പോയി'' എന്ന് കേട്ടു. ഉടന്‍ പ്രസ്താവിച്ചു കളഞ്ഞു. "കുഞ്ഞാലി..നിന്നെ സമ്മതിക്കണം. അഭിനന്ദനങ്ങള്‍. തെറ്റ് ഏറ്റു പറഞ്ഞല്ലോ. അത് മതി". ഇത് കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അപ്പൊ സാഹിബ് തെറ്റ് ചെയ്തു എന്ന് കോണ്‍ഗ്രസ്‌ അംഗീകരിച്ച പോലെ ആയില്ലേ ?? ഞാനും അതില്‍ പെട്ടാലോ ? ഗൂഢാലോചന തന്നെ..വിട്ടു കൂടാ..രാവിടെ തന്നെ മാറ്റി പറയാം. എന്ത് പറഞ്ഞിട്ടും കാര്യമില്ല. വാര്‍ത്ത കേരളമുണ്ടോ ശ്രദ്ധിക്കുന്നു ? കുഞ്ഞന്‍ തന്റെ അവസാന അടവും പയറ്റി. പനി. ആശുപത്രിയില്‍ കയറി കിടക്കാം. എന്നാല്‍ പിന്നെ പേടിക്കണ്ടല്ലോ. ജാഥ തിരുവന്തപുരം പൂകുമ്പോള്‍ വി എസ മാറി ഉമ്മന്‍ വരും എന്ന പ്രതീക്ഷ പോയ പോയപ്പോള്‍ വന്ന 'പേടി പനിയാണ്' ഇതെന്ന് ജന സംസാരം. അതൊക്കെ വെറുതെ.

മലപ്പുറം ജാഥ തോന്നുമ്പോള്‍ നടത്താം. ഇപ്പോള്‍ ആ വഴി പോവുന്നത് ശരീരത്തിന് നന്നല്ല എന്ന് കോണ്‍ഗ്രസ്‌ വക ജ്യോത്സ്യന്‍ പ്രവചനം നടത്തിയത്രേ. പഞ്ചര്‍ മാറ്റി 'വീരന്‍' വീണ്ടും കൊടി കൊടുത്തു. ചെന്നിത്തല പോര. വീരന്റെ കൈ ഗുണം നോക്കി കളയാം. വീണ്ടും ഉഷാറായി വരാന്‍ ഒരു ഉഗ്രന്‍ പ്രസംഗം നടത്തി കളയാം. കുഞ്ഞൂഞ്ഞ് മൈക്ക് എടുത്ത് അലറി. വി എസ് തീരെ പോരാ..സ്മാര്‍ട്ട്‌ സിറ്റി നശിപ്പിച്ചില്ലേ ?? അതിനു സമാധാനം പറയണം. എന്തൊരു കാലക്കേട്‌. രണ്ടാം ദിവസം സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു കളഞ്ഞു. അടുത്ത മാസം പനി തുടങ്ങുമെന്നും പ്രഖ്യാപിച്ചു കളഞ്ഞു. ഇനി കരാറിനെ കുറ്റം പറഞ്ഞേക്കാം എന്ന് വിചാരിച്ചു രാവിലെ തന്നെ പത്ര സമ്മേളനം വിളിച്ചേക്കാം. "ഇത് ഞാന്‍ കൊണ്ട് വന്നതാണേ"...ഉമ്മന്‍ അലറി. ഇത് രണ്ടും രണ്ടു കരാരല്ലേ എന്ന് പത്ര പ്രവര്‍ത്തകര്‍. ഇത് ഇടതിന്റെ നേട്ടമല്ലേ എന്ന് എന്നും മറു ചോദ്യം. ആഹാ..അത്രയ്ക്കായോ? എന്തായാലും ഇത് ഞാന്‍ തന്നെ കൊണ്ട് വന്നതാ. പത്രക്കാര്‍ ചിരിക്കുമ്പോ കൂട്ടത്തില്‍ ഉമ്മനും ചിരിച്ചു.

ഇപ്പോഴും കുഞ്ഞൂഞ്ഞ് ഒന്ന് ഓര്‍ത്തു മാത്രമേ വേവലാതിപ്പെടുന്നുള്ളൂ.. "ഏത് ഏലസ്സ് വെച്ചു കെട്ടിയ കൈ കൊണ്ടാണ് ചെന്നി നായകന്‍ കൊടി എടുത്തു തന്നത്..?"



വി രജിത് കാടകം